സിപിഎമ്മിൽ ‘മാപ്പിള ലഹള’ !! പി.വി.അൻവർ ഒറ്റക്കല്ല; മലബാറിനെ കാത്തിരിക്കുന്നത് വമ്പൻ രാഷ്ട്രീയനീക്കങ്ങൾ


പിണറായി വിജയൻ സർക്കാർ സംഘ് പരിവാറിനെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപത്തിൽ കടുത്ത നിലപാടിലേക്ക് പാർട്ടിക്കൊപ്പം നിൽക്കുന്ന മുസ്ലിം നേതാക്കൾ തിരിയുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്. ഇന്നലത്തെ ചന്തക്കുന്ന് പൊതുയോഗത്തിൻ്റെ ചൂട് പാർട്ടി കൃത്യമായി ഉൾക്കൊള്ളുന്നുണ്ട്. ലീഗനുകൂല ഇകെ സമസ്ത വിഭാഗം പി.വി.അൻവർ എംഎൽഎ ആദ്യ ദിവസങ്ങളിൽ ഉയർത്തിവിട്ട ആക്ഷേപങ്ങൾ ശരിവെക്കാൻ ഒരുമ്പെട്ടത് ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാക്കും വിധം, കാന്തപുരം വിഭാഗം സമസ്തയും മുജാഹിദ് വിഭാഗങ്ങളാകെയും സർക്കാരിനെതിരെ ഈ വിഷയം മുൻനിർത്തി തിരിയുകയാണ്. ഇതിൻ്റെ സൂചനകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

ജമാഅത്തെ ഇസ്ലാമി നേരത്തെ മുതൽ തന്നെ പിണറായി സർക്കാരിനെതിരെ രംഗത്തുണ്ട്. ഇതോടെ മലബാർ മേഖലയിൽ സ്വാധീനമുള്ള മുഴുവൻ പ്രമുഖ മുസ്ലിം സംഘടനകളും സർക്കാരിനെതിരാകും. എന്നാൽ തെക്കൻ കേരളത്തിലെ പ്രമുഖ മുസ്ലിം സുന്നി സംഘടനായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയിൽ വിഷയം ചർച്ചയായിട്ടില്ല. മലബാറിലെ മുസ്ലിംകൾ പൊതുവിൽ ‘മാപ്പിള’ എന്ന് വിളിക്കപ്പെടുന്നതിനാൽ, ഫലത്തിൽ സിപിഎമ്മിനെതിരായ ഈ സംഘടിത മുസ്ലിം എതിർപ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദൂരവ്യാപക തിരിച്ചടി പാർട്ടിക്കുണ്ടാക്കും.
വി.എസ്.അച്യുതാനന്ദൻ വിഭാഗത്തെയാകെ വെട്ടിവീഴ്ത്തി 2004ലെ മലപ്പുറം പാർട്ടി സമ്മേളനത്തോടെ സിപിഎമ്മിൽ മിന്നൽപ്പിണറായി മാറിയ പിണറായി വിജയനാണ്, ആ സമ്മേളനം കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് ആകുമ്പോൾ കേരള മുഖ്യമന്ത്രി. അതേ പിണറായി വിജയന് ഇപ്പോൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഘ് പരിവാർ ബന്ധമാണ് ഇന്ന് മുസ്ലിം നേതാക്കളെയും മുസ്ലിം പാർട്ടി സഹയാത്രികരെയും മുസ്ലിം സംഘടനകളെയാകെയും സിപിഎമ്മിന് എതിരാക്കിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. 2004ൽ മലപ്പുറത്ത് നടന്ന സിപിഎം സമ്മേളനത്തിൻ്റെ തുടർച്ചയായി, 2006ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങി ലീഗിലെ അതികായൻമാർ ഒന്നാകെ സിപിഎമ്മിന് മുന്നിൽ തോറ്റ് തുന്നം പാടിയിരുന്നു. അന്ന് കുഞ്ഞാലിക്കുട്ടിയെ തോൽപിച്ച് അസംബ്ലിയിലെത്തിയ കെ.ടി.ജലീൽ അടക്കം നിരവധി മുസ്ലിം നേതാക്കൾ ഇപ്പോൾ മുമ്പത്തേതു പോലെ സിപിഎമ്മുമായി മാനസിക അടുപ്പത്തിലല്ല.

രഹസ്യമായി ആർഎസ്എസ് നേതാക്കളെ പലവട്ടം കണ്ട എഡിജിപി എം.ആർ.അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് പിണറായി ആർഎസ്എസിൻ്റെ താൽപര്യം നടപ്പാക്കുന്നയാളാണ് എന്ന പ്രതീതിയാണ് മുസ്ലിം നേതൃത്വത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഗുരുവായൂർ എന്ന തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ അസംബ്ലി സീറ്റിൽ കെ.മുരളീധരൻ എന്ന യുഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്തു എന്നത്, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പു മുതൽ പിണറായി വിജയനെതിരെ ഉയർന്ന സംഘ്പരിവാർ ബന്ധം മുസ്ലിംകൾ വിശ്വാസത്തിലെടുത്തതിൻ്റെ പരിണതിയാണ് എന്നാണ് സിപിഎമ്മിലെ മാപ്പിള നേതാക്കളുടെ കാഴ്ച്ചപ്പാട്

പിണറായിക്കെതിരായ പി.വി.അൻവറിൻ്റെ പൊട്ടിത്തെറി, മലബാർ മേഖലയിൽ തുടങ്ങി ചുരുങ്ങിയത് തൃശൂർ വരെ സിപിഎമ്മിന് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് വഴിവയ്ക്കാൻ പര്യാപ്തമാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടും സംഘ് പരിവാർ ബന്ധം തങ്ങളുടെ നിലനിൽപ് അവതാളത്തിലാക്കുമെന്നും കണ്ടാണ് മുസ്ലിംകളായ സിപിഎം സഹയാത്രികൾ ഒന്നൊഴിയാതെ ചുവട് മാറുന്നത്. പി.വി.അൻവറിന് പിന്നാലെ കാരാട്ട് റസാക്ക്, കെ.ടി.ജലീൽ, നിയാസ് പുളിക്കലകത്ത് എന്നിവരും പി.ടി.എ.റഹീം, വി.കെ.സി.മമ്മദ് കോയ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി അബ്ദുറഹിമാൻ തുടങ്ങിയവരും ഈ സാഹചര്യത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്.

യുഡിഎഫ് ആകട്ടെ നിലവിലെ സാഹചര്യം ഗുണകരമാകുമെന്നാണ് കാണുന്നത്. എന്നാൽ അൻവർ സ്വന്തം നിലയിൽ പിന്തുണ വർധിപ്പിക്കാൻ സാഹചര്യം ഒരുക്കുന്നതിനാൽ എടുത്തുചാടി പിന്തുണച്ച് വലുതാക്കാൻ ലീഗ് താൽപര്യപ്പെടുന്നില്ല. കോൺഗ്രസ് പാരമ്പര്യം പേറുന്ന സിപിഎം സഹയാത്രികരാണ് സമുദായ പിന്തുണ വർധിപ്പിക്കാൻ നിലവിൽ മുൻനിരയിൽ നിൽക്കുന്നത് എന്നതും ലീഗിനെ പിന്നോട്ടു വലിക്കുന്നു. എന്നാൽ സാഹചര്യം പൂർണമായും സിപിഎം വിരുദ്ധമായതിൽ ലീഗും യുഡിഎഫും സന്തുഷ്ടരുമാണ്. പതിറ്റാണ്ടുകളായി കോഴിക്കോട്, കാസർകോട് ജില്ലകളിൽ കോൺഗ്രസ് നിയമസഭാ സീറ്റുകൾ ജയിക്കാറില്ല. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈ ചിത്രമാകെ മാറ്റിമറിക്കാൻ അൻവർ ഉണ്ടാക്കിവച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം ഉപകരിക്കും എന്നതാണ് കോൺഗ്രസിനെ സന്തോഷിപ്പിക്കുന്നത്.
Previous Post Next Post