മുംബൈ: മഹാരാഷ്ട്രയിൽ പശുക്കൾ ഇനി വെറും പശുക്കളല്ല. തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി നൽകി ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവായി. വേദകാലഘട്ടം മുതലുള്ള പ്രാധാന്യം കണക്കിലെടുത്താണ് മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം.
മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിൻ്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിൻ്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതിയിൽ പശുക്കൾ വഹിക്കുന്ന അവിഭാജ്യ പങ്കാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.