അമ്പലപ്പുഴ: ആലപ്പുഴ മെഡിയ്ക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി റിമാൻ്റിൽ. തകഴി പടഹാരം ശശി ഭവനത്തിൽ ശശിധരൻ്റെ മകൻ ഷൈജു (40) ആണ് റിമാൻ്റിലായത്. തിരുവോണ ദിവസം (ഞായർ) വൈകിട്ട് 5 ഓടെ ആശുപത്രിയിലെ സർജറി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം.റോഡിൽ വീണ് നെറ്റിയിൽ മുറിവുമായിട്ടാണ് ഷൈജു ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അജ്ഞലിയ്ക്കാണ് പരിക്കേറ്റത്.ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പൊലീസിൽ ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്ത് തകഴിയിലെ വീട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തത്.
വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി റിമാൻ്റിൽ….
Jowan Madhumala
0