കോട്ടയം: ട്രെയിനില്‍ ടി.ടി.ഇ (ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍) ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ആറുമാസമായി ട്രെയിനുകളില്‍ ഇവര്‍ ടി.ടി.ഇ ചമഞ്ഞ് യാത്ര ചെയ്യുകയും ടിക്കറ്റ് പരിശോധന നടത്തി വരികയും ചെയ്യുന്നതിനിടെ രാജ്യ റാണി എക്സ്പ്രസ്സില്‍ നിന്നാണ് പിടിയിലായത്
കഴിഞ്ഞ ദിവസം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റംലത്ത് റെയില്‍വേ ജീവനക്കാരുടെ പിടിയിലാകുന്നത്. കൊച്ചു വേളിയില്‍ നിന്നും പുറപ്പെട്ട രാജ്യ റാണി എക്സ്പ്രസ്സ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിതകളുടെ കംപാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ തുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു. ഈ സമയം ട്രെയിനിലുണ്ടായിരുന്ന പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ലാല്‍ കുമാര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രന്‍ പിള്ള എന്നിവര്‍ വനിതാ കംപാര്‍ട്ട്മെന്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ കംപാര്‍ട്ട്മെന്റിലുള്ള ടി.ടി.ഇ ആണ് വാതിലുകള്‍ അടച്ചത് എന്ന് പറഞ്ഞു
റെയില്‍വേ സ്‌ക്വാഡ് അംഗങ്ങളാണ് എന്ന് പറഞ്ഞതോടെ യാത്രക്കാര്‍ വാതില്‍ തുറന്നു. ഈ സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റംലത്തിനോട് എവിടെയാണ് ഓഫീസ് എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു. കൊല്ലത്താണ് ഓഫീസെന്നും പാലരുവിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഷൊര്‍ണ്ണൂരിന് പോകുകയാണെന്നും ഇവര്‍ മറുപടി നല്‍കി.
കൊല്ലത്ത് ടി.ടി.ഇ ഓഫീസ് ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഐ.ഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ ഐ.ഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കയറിയതാണെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് ഇവരെ കോട്ടയം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി പി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഹോം നേഴ്‌സായി ജോലി നോക്കിവരികയായിരുന്ന റംലത്ത് ആറുമാസം മുന്‍പ് റെയില്‍വേയില്‍ ജോലി കിട്ടി എന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിന് ശേഷം ടി.ടി.ഇ മാരുടെ യൂണിഫോമും വ്യാജ ഐ.ഡി കാര്‍ഡും ഇവര്‍ തയ്യാറാക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാനാണ് ഇത്തരത്തില്‍ ടി.ടി.ഇ എന്ന വ്യാജേന കയറിയത് എന്നാണ് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കാരണം ഇവര്‍ ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ വനിതാ ടി.ടി.ഇ മാരുടെ വിശ്രമ മുറിയില്‍ ടി.ടി.ഇ എന്ന വ്യാജേന കയറിയിരുന്നു. ഇവരെ അന്ന് ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. കൂടാതെ ട്രെയിനുകളില്‍ ഇവര്‍ ടിക്കറ്റ് പരിശോധനയും നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ യാത്രക്കാരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. തുടരന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 27 വരെ റിമാന്‍ഡ് ചെയ്തു.