നടൻ സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; സുപ്രീംക്കോടതിയെ സമീപിച്ചേക്കും




കൊച്ചി: ലൈംഗികാതിക്രമകേസിൽ ഹൈക്കോടതി മുൻകൂർ ജാമ‍്യപേക്ഷ തള്ളിയിട്ടും സിദ്ദിഖിനെ പിടികൂടാനാവാതെ പൊലീസ്. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി പരിശോധന നടന്നിരുന്നു. എറണാകുളത്തുള്ള സിദ്ദിഖിന്‍റെ വീടുകളും സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കം ചൊവാഴ്ച രാത്രിയും അന്വേഷിച്ചു.
അതേസമയം പ്രതിയെ രക്ഷപെടാൻ അനുവധിക്കുകയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട് . ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ‍്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സിദ്ദിഖിനു വേണ്ടി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഹൈക്കോടതി മുൻ ജാമ‍്യപേക്ഷ തള്ളിയ സാഹചര‍്യത്തിൽ നടൻ സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപെട്ട് നടന്‍റെ അഭിഭാഷകൻ ഡൽഹിയിലുള്ള മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു.

യുവനടി പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി തയ്യാറാക്കുന്നത്. 2016 ൽ നടന്ന സംഭവം 2024 ൽ പരാതി നൽകിയത് ചോദ‍്യം ചെയ്താകും ഹർജി. നടന്‍റെ നീക്കം മുന്നിൽകണ്ട് തടസവാദ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് നടി.
Previous Post Next Post