പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; ഇടത് പാളയം വിട്ട് അൻവർ




മലപ്പുറം: എംഎൽഎ സ്ഥാനം പാർട്ടി പറഞ്ഞാലും രാജി വയ്ക്കില്ലെന്ന് പി.വി. അൻവർ എംഎൽഎ. എംഎല്‍എ ഇപ്പോ രാജിവെയ്‌ക്കോ എന്ന് ചോദിച്ച് ആരും മുന്നോട്ടു വരണ്ട. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്. അതിനാൽ തന്നെ പാർട്ടി പറഞ്ഞാലും രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നും അൻവർ വാർ‌ത്താ സമ്മേളനത്തിൽ പറഞ്ഞു.

'പൊട്ടനാണ് പ്രാന്തന്‍. ആ പ്രാന്ത് എനിക്ക് ഇല്ല. ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ , ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എംഎല്‍എ ഉണ്ടാവും. അതിന് അടിയില്‍ വെറെ എന്തെങ്കിലും സംഭവിച്ചാല്‍ ഓകെ. എംഎല്‍എ ഇപ്പോ രാജിവെയ്‌ക്കോ, എംഎല്‍എ ഇപ്പോ രാജിവെയ്‌ക്കോ ആ പൂതി ആര്‍ക്കും വേണ്ട.

ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. കോണ്‍ഗ്രസും സിപിഎമ്മും ലീഗും തമ്മില്‍ നെക്‌സസ് ഉണ്ട്. ലീഗിന്‍റേയും കോണ്‍ഗ്രസിന്‍റേയും നേതാക്കള്‍ പറഞ്ഞത് അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കില്ല എന്നാണ്. ഇവരെ കണ്ടല്ല ഞാന്‍ നടക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. നിയമസഭാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല'- അൻവർ പറഞ്ഞു.


Previous Post Next Post