പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിന്‍ കെഎസ് സലിത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. അന്‍വറിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് ഉണ്ടായിരുന്നു. അന്‍വര്‍ നേരിട്ടാണോ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇടപെടലുകള്‍. തന്റെ അഭിപ്രായങ്ങളും അമര്‍ഷങ്ങളുമെല്ലാം പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമായി ഫേസ്ബുക്ക് പേജ് അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ പേജിന്റെ അഡ്മിനാണ് ഇപ്പോള്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പുറത്ത് പോകുന്നത്.
ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തില്‍ തോന്നുന്നില്ല – സലിത്ത് വ്യക്തമാക്കി. ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ: ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും, രാഷ്ട്രീയനിലപാടുകളും ഉണ്ട്. അങ്ങനെ ഒരേ നിലപാടുള്ള കാലത്ത്,ആശയപരമായും മാനസികമായും പലരോടും നമ്മള്‍ ഐക്യപ്പെട്ടെന്നിരിക്കും. അതേ ചെയ്തിട്ടുള്ളൂ എന്ന ബോധ്യം എനിക്കുണ്ട്. അവര്‍ക്കൊപ്പം നിന്ന് പറഞ്ഞതൊക്കെയും എന്റെ കൂടി രാഷ്ട്രീയബോധ്യങ്ങളാണ്. ആ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു സ്‌ക്രീനിംഗുമില്ലാതെ വേദി തന്നു എന്നത് പറയാതിരിക്കാന്‍ പറ്റില്ല. എന്റെ ബോധ്യങ്ങളില്‍ അന്നും ഇന്നും അണുവിട മാറ്റമില്ല. ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തില്‍ തോന്നുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ട്.മറ്റാര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറം.പാര്‍ട്ടിക്കൊപ്പമാണ്..പാര്‍ട്ടിക്കൊപ്പം മാത്രമാണ് – സലിത്ത് കുറിച്ചു.
നീതീകരിക്കാന്‍ കഴിയുന്ന എന്തെകിലും എലമെന്റ്‌സ് ബാക്കി ഉണ്ടായിരുന്നെങ്കില്‍,അതിന്റെ എല്ലാം മെറിറ്റും കൂടി ഇന്നത്തോടെ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സലിത്ത് പങ്കുവച്ചിട്ടുണ്ട്.ഒരിക്കലും ഒരാള്‍ എന്തൊക്കെ പറയാന്‍ പാടില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന സ്‌പെസിമെന്‍ എന്നും കൂട്ടിച്ചേര്‍ത്തു.