പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജൻ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എം വി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവറെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെയും സിപിഎം സൈബർ പോരാളികളുടെയും സ്വന്തം പിവി അൻവർ ആണിപ്പോൾ കുരിശുയുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. അൻവർ തീയായപ്പോൾ കൂടുതൽ പൊള്ളലേറ്റത് പിണറായിക്കും എം വി ഗോവിന്ദനും മുഹമ്മദ് റിയാസിനുമാണ്. ആഞ്ഞടി തുടങ്ങിയിട്ട് ആഴ്ചകളെറെയായെങ്കിലും ആരാണ് നിലമ്പൂർ എംഎൽഎയുടെ യഥാർത്ഥ ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല.