കൂറുമാറാന്‍ 100 കോടി; ഈ ആരോപണം രാഷ്ട്രീയ കേരളത്തില്‍ ആദ്യം; പുറത്തറിയിച്ചത് സിപിഎം


രാഷ്ട്രീയ കേരളത്തില്‍ പാര്‍ട്ടി മാറലും മുന്നണി മാറലും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വടക്കേ ഇന്ത്യന്‍ ശൈലിയില്‍ കോടികളുടെ കോഴ ആരോപണം ആദ്യമാണ്. അതും താരതമ്യേന ദുര്‍ബലമായ എന്‍ സിപിയിലാണ് ഇത് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സിപിഎം പിന്തുണയിലാണ് എന്‍സിപി എംഎല്‍എമാര്‍ സഭയിലെത്തുന്നത്. എന്നിട്ടും ഇത്തരമൊരു നീക്കം ഉണ്ടായി എന്നത് സിപിഎമ്മിനെ പോലും ഞെട്ടിച്ചു.

എന്‍സിപിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് ശരത് പവാറും അജിത് പവാറും രണ്ടു മുന്നണികളിലായതോടെ പരമാവധി സംസ്ഥാന ഘടകങ്ങളെ ഒപ്പം നിര്‍ത്താനുളള ശ്രമം ഇരുവിഭാഗവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് എംഎല്‍എമാരും ഒരു മന്ത്രിയുമുള്ള കേരളത്തെ ലക്ഷ്യമിട്ടത്. എന്നാല്‍ ശശീന്ദ്രന്‍ ശരത് പവാറിനൊപ്പം എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയിലുള്ള തോമസ് കെ തോമസിനെ അജിത് പവാര്‍ കരുവാക്കിയത്. ആദ്യം മുതല്‍ അജിത് പവാറുമായി അടുപ്പമുള്ള ആളാണ് തോമസ് കെ തോമസ്. നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാനാണ് കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.

എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവരെ ഒപ്പം ചേര്‍ക്കാനാണ് 50 കോടി വീതം വാഗ്ദാനമുണ്ടായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു തോമസ് കെ തോമസ് ഈ നീക്കം നടത്തിയത്. എംഎല്‍എമാരെ സഭയുടെ ലോബിയിലേക്ക് വിളിച്ചു കൊണ്ടുപോയി ആണ് ഇക്കാര്യം അറിയിച്ചത്. 250 കോടിയുമായി അജിത് പവാര്‍ കേരളം ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുണ്ടെന്നും ഒപ്പം നിന്നാല്‍ 50 കോടി എന്നുമായിരുന്നു വാഗ്ദാനം.

ആന്റണി രാജുവാണ് ഈ നീക്കം മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതില്‍ പ്രകോപിതനായാണ് മുഖ്യമന്ത്രി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന എന്‍സിപി നിര്‍ദേശം കീറി ചവറ്റുകൊട്ടയിലിട്ടത്. ഇക്കാര്യം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും അറിയിച്ചു. എന്നാല്‍ മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ ഞെട്ടിക്കുന്ന ഈ വാര്‍ത്ത ഇന്ന് പുറത്തു കൊണ്ടുവന്നതോടെയാണ് പൊതുസമൂഹത്തിൽ ചര്‍ച്ചയാകുന്നത്.

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നേതാക്കളുടെ പാര്‍ട്ടി മാറലും, കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പും മുന്നണി മാറ്റവും പതിവാണ് കേരളത്തില്‍. ഇടക്കാലത്ത് ആര്‍എസ്പിയുടെ മുന്നണി മാറ്റവും രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നാല്‍ ഒട്ടും പരിചിതമല്ലാത്ത ഇപ്പോഴത്തെ വിവാദങ്ങളെ തെല്ല് അദ്ഭുതത്തോടെയാണ് പലരും കാണുന്നത്. ഇതൊക്കെ കേരളത്തിലും നടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നില്‍ സിപിഎം കേന്ദ്രങ്ങള്‍ തന്നെയാണെന്നും വിശ്വസിക്കുന്നവരുണ്ട്. ഇടതുപക്ഷത്തിനൊപ്പം നിന്ന് വിജയിച്ച് എംഎല്‍എമാരായവരെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പ സമയമായതിനാല്‍ തോമസ് കെ തോമസിനെതിരെ കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് മാത്രം.
أحدث أقدم