പാലക്കാട് സിപിഎമ്മിനോട് സഹകരിക്കാൻ തീരുമാനിച്ച ഡോ. പി സരിനെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് നേതൃത്വത്തിന്റെ ധാരണ. സരിൻ പുറത്തു പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സരിന് രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമാണ് കെപിസിസി നേതൃത്വം കണക്കാക്കുന്നത്.
സരിൻ്റെ നീക്കങ്ങൾ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിൻ സിപിഎം നേതൃത്വവുമായി ചർച്ചയിലായിരുന്നുവെന്നുമാണ് കോൺഗ്രസ് അനുമാനിക്കുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ പാർട്ടിക്കെതിരെ നിലപാട് എടുക്കുമെന്ന് മുതിർന്ന നേതാക്കളിൽ ചിലർക്ക് സരിൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സരിനെ അനുനയിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ച ശേഷം പ്രധാന നേതാക്കൾ സരിനോട് സംസാരിച്ചെങ്കിലും സരിൻ വഴങ്ങിയില്ല.