നിയമസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ജാർഖണ്ഡിൽ രണ്ടാംഘട്ട പട്ടിക


ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പൃഥ്വിരാജ് ചവാന്‍, നാനാ പട്ടോളെ ഉൾപ്പെടെ 48 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിൽ ഉള്ളത്. ജാർഖണ്ഡിലെ രണ്ടാംഘട്ട പട്ടികയിൽ 7 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ആയതോടെ പ്രചാരണരംഗം ശക്തമാക്കാൻ ഒരുങ്ങുകയാണ് പാർട്ടികൾ.  
മഹാരാഷ്ട്രയിൽ 85 സീറ്റുകൾ വീതം ധാരണയായതോടെയാണ് മഹാവികാസ് അഘാഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 48 പേരുടെ പട്ടികയാണ് കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കരാട് സൗത്ത് മണ്ഡലത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോളെ സക്കോളി മണ്ഡലത്തില്‍ നിന്നും നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വികാസ് പി താക്കറെയും മത്സരിക്കും. മുംബൈ, വിദർഭ, നാസിക് സീറ്റുകളിലെ തർക്കങ്ങൾ ഉടൻ പരിഹരിച്ച് ബാക്കി സ്ഥാനാർഥി പട്ടികയും ഉടൻ പ്രഖ്യാപിക്കും.  
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മഹായുദീ സഖ്യം പ്രചാരണ രംഗത്ത് മുന്നേറുകയാണ്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ 31 സീറ്റുകളിലെ വിജയം മഹാവികാസ് അഘാഡിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ജാർഖണ്ഡിൽ കോൺഗ്രസ് രണ്ടാം പട്ടികയും പ്രഖ്യാപിച്ചു. ആറു സ്ഥാനാർത്ഥികളാണ് രണ്ടാം പട്ടികയിൽ ഇടം നേടിയത്. ഇതോടെ 28 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ​ 35 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിപിഎമ്മും 9 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. 81 സീറ്റുകൾ ഉള്ള ജാർഖണ്ഡിൽ 70 സീറ്റുകളിൽ ജെ എം എംമ്മും കോൺഗ്രസ്സും മത്സരിക്കുമെന്നാണ് സൂചന. രണ്ടുഘട്ടമായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്.


Previous Post Next Post