ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്



ഒട്ടാവ: ഖാലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെച്ചൊല്ലി നയതന്ത്രബന്ധം ഉലഞ്ഞിരിക്കെ ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എല്ലാം പരിഗണനയിലുണ്ടെന്നായിരുന്നു മെലാനി ജോളിയുടെ പ്രതികരണം.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലെത്തിയായിരുന്നു മെലാനി ജോളിയുടെ പ്രതികരണം. ഇന്ന് തങ്ങള്‍ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. തങ്ങളുടെ ‘ടൂള്‍ബോക്‌സ്’ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്രപ്രതിനിധികളെ പുറത്താക്കുക എന്നത് ഒരു രാജ്യം സ്വീകരിക്കുന്ന ഏറ്റവും ഉയര്‍ന്നതും കഠിനവുമായ നടപടിയാണെന്നും മെലാനി ജോളി പറഞ്ഞു. അതേസമയം, ഇന്ത്യയും കാനഡുമായുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് കാനഡയിലെ ഇന്ത്യന്‍ സമൂഹം ആവശ്യപ്പെട്ടു.

നിജ്ജാര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റുവര്‍ട്ട് വീലറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും ആറ് നയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കുകയും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരേയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

നിജ്ജാര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയുമായുള്ള ബന്ധം ഉലയാന്‍ തുടങ്ങിയത്. ജൂണ്‍ 8ന് വാന്‍കൂവറിലെ ഗുരുദ്വാരയുടെ കാര്‍ പാര്‍ക്കിങില്‍ വെച്ച് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. മൂന്നു മാസത്തിന് ശേഷം സെപ്റ്റംബറില്‍ ട്രൂഡോ ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അതിന് വിശ്വസ്തമായ തെളിവുകളുണ്ടെന്നും ആരോപിച്ചു. എന്നാല്‍ നിജ്ജാറുടെ കൊലയില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ അസംബന്ധം എന്നായിരുന്നു ഇന്ത്യ വിശേഷിപ്പിച്ചത്
Previous Post Next Post