തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് ഇന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് എംബി രാജേഷ് പറഞ്ഞു.
ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാര്‍ഡിന് അര്‍ഹമായിട്ടില്ല. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതി നിലവില്‍ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു.