കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം ദിവ്യയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കണ്ണപുരത്തുവച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ദിവ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.