കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. വിദ്യാർഥികൾ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽ നിന്നും വീണാണ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റത്. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റയാ ഫാത്തിമ (13) ആണ് കുറ്റ്യാടി– കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍നിന്നു വീണത്. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.
മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുകയും വിദ്യാര്‍ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ചെയ്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസില്‍നിന്നു റോഡിലേക്ക് വീഴുന്നതിനിടെ ബസിന്‍റെ കമ്പിയില്‍ പിടിത്തം കിട്ടുകയും കുട്ടി ബസില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി.
അമ്പാടി ഷോപ്പിന് മുന്നിലെത്തിയപ്പോള്‍ നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ് നിര്‍ത്തിയത്. റോഡില്‍ ഉരഞ്ഞ് കുട്ടിയുടെ കാല്‍മുട്ടിന് പരുക്കേറ്റു. പിടിത്തം വിടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കാന്‍ സ്‌റ്റോപ്പില്‍നിന്ന് ഏറെ മാറ്റിയാണ് ബസുകൾ നിർത്തുന്നത്. കുട്ടികള്‍ ബസിൽ ഓടിയാണ് കയറുന്നത്.