യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്. അപകടത്തില്‍ പെട്ടയാള്‍ കാറില്‍ കുരുങ്ങിയ നിലയില്‍ സൈക്കിളുമായി വലിച്ചിഴയ്ക്കപ്പെട്ടുവെന്നാണ് കേസ്. അപകടത്തെ തുടര്‍ന്ന് 62കാരിയായ എമ്മ സ്‌മോള്‍വൂഡ് നാലു ദിവസത്തെ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുക ആയിരുന്നു. അപകടമുണ്ടാക്കിയ കാറിനെ പുറകെ വന്ന മറ്റൊരു വാഹനത്തിലെയാള്‍ പിന്‍തുടര്‍ന്നാണു പിടികൂടിയതെന്ന് കേസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം പുതിയ ജോലി തേടിയാണ് സീന ചാക്കോ യുകെയില്‍ എത്തിയത്.
സെപ്റ്റംബര്‍ 14നാണു കേസിന് ആസ്പദമായ അപകടം സംഭവിക്കുന്നത്. സെപ്റ്റംബര്‍ 17 നാണു എമ്മയുടെ മരണം സംഭവിക്കുന്നത്. ഇതോടെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കേസ് കോടതിയില്‍ എത്തിച്ചത്. എമ്മ സ്‌മോളിവുഡിന്റെ മരണത്തെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് അടുത്ത വര്‍ഷം ഏപ്രില്‍ 20 വാറിംഗ്ടണ്‍ കൊറോണര്‍ കോടതിയില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാനാകും എന്ന കാര്യവും കോടതി നിരീക്ഷിക്കും.