പറമ്പായി തെക്കുഞ്ചേരിയില്‍ പരേതനായ തോമസിന്‍റെ വീട്ടിലാണ് ജപ്തി നടപടികള്‍ക്കായി അഭിഭാഷകരുമായി കേരളാ ബാങ്ക് പ്രതിനിധികളെത്തിയത്. പത്ത് കൊല്ലം മുമ്പ് കേരളാ ബാങ്കിന്‍റെ ഓട്ടുപാറ ശാഖയില്‍ നിന്നാണ് അവിടുത്തെ ജീവനക്കാരനായിരുന്ന തോമസ് വായ്പയെടുത്തത്. പിന്നീടത് പുതുക്കിവച്ചു. വായ്പ മുടങ്ങിയതോടെ കുടിശ്ശികയായി. നാല്പത് ലക്ഷത്തിന് മുകളില്‍ തിരിച്ചടവ് വന്നതോടെ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയി.
അതിനിടെ രണ്ട് കൊല്ലം മുമ്പ് തോമസ് മരിച്ചു. കിടപ്പുരോഗിയായ ഭാര്യയും മകളും മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരെ ഇറക്കിവിടുന്നതിനെതിരെ നാട്ടുകാരും സംഘടിച്ചെത്തി. വസ്തു വിറ്റ് ബാങ്കിന്‍റെ കടം വീട്ടാന്‍ സമ്മതമാണെന്നാണ് തോമസിന്‍റെ മകന്‍ പറയുന്നത്.
എന്നാല്‍ തോമസ് നാട്ടിലെ ഏഴ് പലിശക്കാരില്‍ നിന്ന് പത്തുലക്ഷത്തിലറെ കടം വാങ്ങിയിരുന്നു. പതിനെട്ട് ലക്ഷം തിരിച്ചടച്ചു. എന്നിട്ടും വസ്തു കൂടി വേണമെന്നു പലിശക്കാര്‍ പറയുന്നതാണ് പ്രതിസന്ധിയെന്നും മകന്‍ പറയുന്നു. ജപ്തി പൂര്‍ത്തികരിക്കാനാവാത്തത് അടുത്ത 23ന് കോടതിയെ അറിയിക്കുമെന്ന് ബാങ്കിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.