വൻ തീപിടിത്തത്തിൽ 1000 വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് ഒറ്റ നിമിഷം കൊണ്ട് വീടില്ലാതായി. മനിലയിലെ ടോണ്ടോയിലെ ഇസ്‌ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയെ സഹായിക്കാൻ വ്യോമസേന രണ്ട് വിമാനങ്ങൾ വിന്യസിച്ചു, ഫയർ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തി. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാൻ കാരണമായി.
തീ ആളിപ്പടർന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാൻ ജനങ്ങൾ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വൻ തീപിടിത്തത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റവരുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.