രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍




രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വൃദ്ധ സദനങ്ങളിലേക്ക് പ്രായമായ മാതാപിതാക്കളെ തള്ളുന്നത് നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം.

കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്‌സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.


Previous Post Next Post