9 വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; പ്രതിക്ക് ജാമ‍്യം




കാറിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയെ കോമാവസ്ഥയിലാക്കിയ കേസിൽ പ്രതി ഷെജിലിന് ജാമ‍്യം. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഭാരതീയ ന‍്യായ സംഹിത 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് തിങ്കളാഴ്ചയായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം ഫ്രെബുവരിയിലായിരുന്നു ഷെജിൽ ഓടിച്ച കാറിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

അപകടത്തിൽ കുട്ടിയുടെ മുത്തശി മരിച്ചിരുന്നു. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.

അപകടത്തിന് ശേഷം വണ്ടി നിർത്താതെ പോകുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതുകൊണ്ടാണ് പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയത്.

അപകടക്കേസ്, പറ്റിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കൽ എന്നിങ്ങനെ രണ്ട് കേസുകളാണ് ഷെജിലിനെതിരേയുള്ളത്. അതേസമയം ഒരുവർഷത്തോളമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന.
أحدث أقدم