മനുഷ്യനെ വേദനിപ്പിച്ച് ആ വേദനയിൽനിന്ന് സന്തോഷം കണ്ടെത്തുന്ന പാർട്ടിയായി ബി.ജെ.പി അധഃപതിച്ചെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. ഇതിന്റെ ലക്ഷണമാണ് വയനാട് വിഷയത്തിൽ കേന്ദ്രമന്ത്രിമാരിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ദേശീയ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു വയനാട് ദുരന്തം. എന്നാൽ തീവ്ര ദുരന്തമായി പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് വലിയ മാസ്റ്റർപ്ലാനാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയത്. സഹായത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. പ്രധാനമന്ത്രി നേരിൽ വന്ന് ദുരന്ത ഭൂമി സന്ദർശിച്ചതിനാൽ കേന്ദ്രത്തിൽനിന്ന് വലിയ സഹായം ലഭിക്കുമെന്ന് മലയാളികൾ വിശ്വസിച്ചു. എന്നാൽ അത്തരത്തിലൊന്നും ലഭിച്ചില്ല. ബജറ്റിലും പ്രത്യേക പാക്കേജൊന്നും അനുവദിച്ചില്ല.
എന്നാൽ, ക്രൂരവും പൈശാചികവുമായി സന്തോഷം കണ്ടെത്താനുള്ള ഒരു കാര്യമാണ് കേന്ദ്രം ഇപ്പോൾ ചെയ്തത്. വയനാടിന് 530 കോടി രൂപ വായ്പ അനുവദിക്കാമെന്നാണ് പറയുന്നത്. ഇത് പ്രത്യേക വായ്പയല്ല. കേരളത്തിന്റെ നിക്ഷേപ വായ്പാ പദ്ധതിയിൽനിന്ന് വായ്പയായി അനുവദിക്കാമെന്നാണ് പറയുന്നത്. 45 ദിവസം കൊണ്ട് ഈ പണമെല്ലാം ചെലവാക്കി ഇതിന്റെ കണക്ക് സമർപ്പിച്ചാൽ നിക്ഷേപ പദ്ധതിയിൽനിന്ന് വായ്പ അനുവദിക്കാമെന്നാണ് കേന്ദ്രത്തിന്റെ വാദം. ബാലിശമായ ഈ നിലപാട് അംഗീകരിക്കാനാകില്ല, അദ്ദേഹം വ്യക്തമാക്കി.