യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തി, പിന്നാലെ ചരിത്രം കുറിച്ച് മുന്നണിക്ക് ഭരണ തുടര്‍ച്ചയും. കേരള കോണ്‍ഗ്രസ് എം കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തി എന്ന് തോന്നിച്ചെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ആകെ ആടിയുലഞ്ഞ അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനോ നയിക്കുന്നതിനോ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് കഴിയുന്നില്ല. തട്ടകമായ പാലയിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലും ജോസ് കെ മാണിയുടെ വാക്കിന് വില കല്‍പ്പിക്കാത്ത നിലയിലാണ്.
പാര്‍ട്ടിക്ക് നിലവില്‍ ഒരു രാജ്യസഭാ എംപിയും 5 എംഎല്‍എമാരും ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടെങ്കിലും അത് പാര്‍ട്ടി വളരുന്നതിന് സഹായകമാകുന്നില്ല. 5 എംഎല്‍എമാരുള്ള സ്ഥലത്ത് പോലും പാര്‍ട്ടിക്ക് വേരോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല. നിലവില്‍ പൂര്‍ണ്ണമായും സിപിഎമ്മിന് കീഴ്‌പ്പെട്ട് മുന്നോട്ട് പോകേണ്ട അവസ്ഥ. കേരള കോണ്‍ഗ്രസ് കത്തോലിക്ക സഭയുടെ പിന്തുണയും ഇടതുപക്ഷത്തായതോടെ കുറയുന്ന സ്ഥിതിയാണ്. കെഎം മാണിക്ക് മെത്രാന്‍മാരുടെ അടുത്തു നിന്നും കിട്ടിയിരുന്ന ആദരവും വിലയും ജോസ് കെ മാണിക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം.
കെഎം മാണിയുടെ മരണ ശേഷം നടന്ന പാല ഉപതിരഞ്ഞെടുപ്പിലെ തോല്‍വി തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അതിനെ യുഡിഎഫിലേയും പിജെ ജോസഫില്‍ നിന്നുള്ള പാലം വലിക്കലും പറഞ്ഞാണ് ജോസ് കെ മാണിയും സംഘവും രക്ഷപ്പെട്ടത്. ഇതോടെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിച്ചു. എന്നിട്ടും പാലയില്‍ ജോസ് കെ മാണി തന്നെ തോറ്റു. അഞ്ച് എംഎല്‍എമാര്‍ നിയമസഭയിലും. യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായിരുന്ന കോട്ടയം സീറ്റ് എല്‍ഡിഎഫും അനുവദിച്ചു. എന്നാല്‍ സിറ്റിംഗ് എംപിയായിരുന്ന തോമസ് ചാഴിക്കാടന്‍ ദയനീയമായി തോറ്റു.