ചെക്ക് കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി...

ചെക്ക് കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി. ദ്വാരക ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിവാംഗി മംഗ്ലയെയാണ് പ്രതിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ 2 നാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിവാംഗി മംഗ്ല വിധിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ 437 എ പ്രകാരം വ്യവസ്ഥകൾ പാലിച്ച് ജാമ്യമെടുക്കാൻ ജഡ്ജി പ്രതിയോട് നിർദേശിച്ചു.

വിധിയിൽ പ്രകോപിതനായ പ്രതി ജഡ്ജിക്ക് നേരെ കയ്യിൽ കിട്ടിയ എന്തോ വസ്തു എറിയാൻ ശ്രമിച്ചു. വിധി തനിക്ക് അനുകൂലമായി മാറ്റാൻ ‘എന്തും ചെയ്യാൻ’ പ്രതി തന്‍റെ അഭിഭാഷകനോട് നിർദ്ദേശിച്ചു. പിന്നാലെയായിരുന്നു ഭീഷണി- “നീ ആരാണ്? പുറത്തേക്ക് വാ, ജീവനോടെ വീട്ടിലേക്ക് തിരിച്ചെത്തുമോയെന്ന് നോക്കാം.”

പ്രതിക്കൊപ്പം അഭിഭാഷകനായ അതുൽ കുമാറും തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി. രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ജസ്റ്റിസ് ശിവാംഗി മംഗ്ല ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും നീതി ഉറപ്പാക്കാൻ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജഡ്ജി തന്‍റെ ഉത്തരവിൽ ഉറപ്പിച്ചു പറഞ്ഞു.ദേശീയ വനിതാ കമ്മീഷന് ജഡ്ജി പരാതി നൽകി. അഭിഭാഷകന് ജഡ്ജി കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾക്ക് ഡൽഹി ഹൈക്കോടതിയിലേക്ക് റഫർ ചെയ്യാതിരിക്കണമെങ്കിൽ കാരണം കാണിക്കൽ നോട്ടീസിന് ഉചിതമായ മറുപടി നൽകണം. അടുത്ത വാദം കേൾക്കലിന്‍റെ അന്ന് മറുപടി സമർപ്പിക്കാൻ അഭിഭാഷകനോട് നിർദേശിച്ചു.
Previous Post Next Post