ഇന്ത്യയുടെ അഭിമാന പോരാട്ടം; 'സിന്ദൂർ' എന്ന പേരിൽ യുപിയിൽ ജനിച്ചത് 17 കുഞ്ഞുങ്ങൾ




പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാനു നൽകിയ മറുപടിയായ ഓപ്പറേഷൻ സിന്ദൂർ വിജയകരമായതിനു പിന്നാലെ ഉത്തർപ്രദേശിലെ 17 നവജാത ശിശുക്കൾക്ക് 'സിന്ദൂർ' എന്നു പേരിട്ടു. ഉത്തർപ്രദേശിലെ കുശിനഗർ എന്ന ജില്ലയിൽ മേയ് 9നും 10നും ജനിച്ച കുഞ്ഞുങ്ങൾക്കാണ് മാതാപിതാക്കൾ സിന്ദൂർ എന്ന പേരു നൽകിയത്.

ഏപ്രിൽ 22 നാണ് തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരമായ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ തീവ്രവാദികൾ 26 പേരെ വെടിവച്ചു കൊന്നത്. ഇതിനുള്ള മറുപടിയായി ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാനിലെ വിവിധ ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ച് തക്കതായ മറുപടി നൽകി.

ഓപ്പറേഷൻ സിന്ദൂറിലെ ത്യാഗത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും പ്രതിരൂപമായി മേയ് 10നും 11നും കുശിനഗർ മെഡിക്കൽ കോളെജിൽ ജനിച്ച 17 നവജാത ശിശുക്കൾക്ക് അവരുടെ കുടുംബാംഗങ്ങൾ സിന്ദൂർ എന്ന് പേരിട്ടതായി ഗവ. മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ആർ.കെ. ഷാഹി സ്ഥിരീകരിച്ചു.

പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകിയതിന് ഇന്ത്യൻ സായുധ സേനയെ അഭിനന്ദിച്ചുകൊണ്ട്, കുശിനഗർ നിവാസിയായ അർച്ചന ഷാഹി തന്‍റെ നവജാത ശിശുവിന് സൈനിക നടപടിയുടെ പേര് നൽകിയതായി പറഞ്ഞു. ഈ വാക്ക് ഒരു പ്രചോദനമാണെന്നും മകൾ ജനിക്കുന്നതിനു മുമ്പുതന്നെ അർച്ചനയും താനും ഈ പേര് തീരുമാനിച്ചിരുന്നു എന്നും അർച്ചനയുടെ ഭർത്താവ് പറയുന്നു.

‘‘പഹൽഗാമിലെ ആക്രമണത്തിനു സൈന്യം തിരിച്ചടി നൽകി 2 ദിവസത്തിനു ശേഷമാണ് എന്‍റെ കുഞ്ഞ് ജനിച്ചത്. ഇത് തന്‍റെ മകളിൽ ധൈര്യം വളർത്തും. മകൾ വളരുമ്പോൾ, അവൾ ഈ വാക്കിന്‍റെ യഥാർത്ഥ അർത്ഥം മനസിലാക്കി ഭാരതമാതാവിനു വേണ്ടി കടമയുള്ള ഒരു സ്ത്രീയായി മാറും"– നേഹ ഗുപ്തയെന്ന യുവതി ദേശീയ മാധ്യമത്തോടു പറഞ്ഞു.

"മാതാപിതാക്കൾ തങ്ങളുടെ പെൺമക്കൾക്ക് സിന്ദൂർ എന്ന് പേരിടുന്ന പ്രവണതയിലൂടെ, തങ്ങളുടെ കുട്ടികളിൽ ദേശസ്‌നേഹം വളർത്താൻ തീരുമാനിക്കുന്നു. ഈ പെൺകുട്ടികൾ വളരുമ്പോൾ, എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെ ഒരു പേരിട്ടതെന്ന് മനസിലാക്കുന്നതിലൂടെ ഇത് ഇവരിൽ ദേശസ്‌നേഹമെന്ന ശക്തമായ വികാരം വളർത്തും"- ലഖ്‌നൗ നാഷണൽ പിജി കോളെജിലെ മനഃശാസ്ത്ര അധ്യാപിക പ്രദീപ് ഖത്രി വാർത്താ ഏജൻസിയായ പി‌ടി‌ഐയോടു പറഞ്ഞു.
Previous Post Next Post