തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കണക്കുകൾ ഉയരുന്നതിനോടൊപ്പം കേരളത്തിലും കൊവിഡ് കേസുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം. ജില്ലകൾ കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജില്ലാ സർവൈലൻസ് ഓഫീസർമാരും വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം. രോഗം പകരാന്‍ സാധ്യത കൂടുതലുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രിയുടെ അറിയിച്ചു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം മേയ് മാസത്തിൽ സംസ്ഥാനത്ത് 273 കൊവിഡ് കേസുകളാണുള്ളത്. കോട്ടയം (82), തിരുവനന്തപുരം (73), എറണാകുളം (49), പത്തനംതിട്ട (30), തൃശൂര്‍ (26) എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കണക്കുകൾ. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താനും, ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.