പഞ്ചാബിൽ നിന്നും ഏപ്രിൽ 23 ന് അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു.



പഞ്ചാബിൽ നിന്നും ഏപ്രിൽ 23 ന്  അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മിൽ നടന്ന ചർച്ചയിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു.

ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോൾ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിർത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്. നേരത്തെ വിങ് കമാൻഡർ അഭിനന്ദൻ വർ‍ധമാൻ പിടിയിലായപ്പോഴും പാകിസ്ഥാൻ ഇതേ വാഗ അട്ടാരി അതിർത്തി വഴിയാണ് കൈമാറ്റം നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂർണം കുമാർ ഷാ എന്ന പികെ ഷാ അതിർത്തിയിൽ നിന്നും പാക് സൈനികരുടെ പിടിയിലായത്.

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹം പാക് റേഞ്ചേഴ്സിന്‍റെ പിടിയിലായത്. കര്‍ഷകരെ സഹായിക്കാൻ പോയതായിരുന്നു പികെ സാഹു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. ഈ മേഖലയിൽ പഹൽഗാം ആക്രമണത്തിന് ശേഷം വിളവുകൾ നീക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. അതിർത്തി മേഖലയിൽ നിന്ന് ഇതിന് മുൻപ് തന്നെ പികെ ഷായെ പിൻവലിച്ചിരുന്നു. എന്നാൽ കൃഷിസ്ഥലങ്ങൾ വെട്ടിവൃത്തിയാക്കണമെന്ന നിർദ്ദേശപ്രകാരം ഇതിനായി എത്തിയ കർഷകർക്ക് സഹായം നൽകാനും മറ്റുമായി ഷാ ഇവിടേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ ജോലിക്കിടെ തണൽ തേടി മരച്ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് പാകിസ്ഥാൻ സൈന്യത്തിലെ റേഞ്ചർമാർ ഇദ്ദേഹത്തെ പിടികൂടിയത്


أحدث أقدم