
കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. 300 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തത്. ഫറോക്ക് പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രാമനാട്ടുകര പാലത്തിനടിയിൽവെച്ചാണ് യുവാക്കൾ പിടിയിലായത്. ബാംഗ്ലൂരിൽനിന്നും കോഴിക്കോട്ടേക്ക് വലിയ അളവിൽ എംഡിഎംഎ എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായവരിൽ ഒരാളായ മുഹമ്മദ് നവാസ്.
മുഹമ്മദ് നവാസ്, ഇംത്യാസ് എന്നിവരാണ് അറസ്റ്റിലായത്. ഡാൻ സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെ നാളായി നവാസ് നിരീക്ഷണത്തിൽ ആയിരുന്നു. വാഹന പരിശോധന നടക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച കാർ വളരെ സാഹസികമായാണ് അന്വേഷണ സംഘം തടഞ്ഞു നിർത്തിയത്.