ഓൺലൈനിൽ രാഖി ഓർഡർ ചെയ്തത് എത്തിയില്ല; പിഴയൊടുക്കേണ്ടി വന്നത് 40,000 രൂപ


ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി എത്തിക്കാതിരുന്ന ആമസോണിന് പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 100 രൂപയുടെ രാഖി എത്തിക്കാതിരുന്നതിന് പിഴയൊടുക്കേണ്ടി വന്നത് 40,000 രൂപ. 2019ൽ സഹോദരനു വേണ്ടി ഓർഡർ ചെയ്ത രാഖി ഡെലിവർ ചെയ്തില്ലെന്ന മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.ലിസ്റ്റുചെയ്ത പൂനം കൊറിയർ സ്ഥിരമായി അടച്ചുപൂട്ടിയതാണെന്നും നൽകിയ ട്രാക്കിംഗ് ഐഡി വ്യാജമാണെന്നും പരാതിക്കാരി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകി, ഡെലിവറി ചെയ്തില്ല, വിൽപ്പനക്കാരന്റെ വിശദാംശം നൽകിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ശീതൾ പരാതി നൽകിയത്.

2019 ഓഗസ്റ്റ് 2നാണ് 100 രൂപ നൽകി മുംബൈ സ്വദേശിനി ശീതൾ കനകിയ ആമസോണിൽ രാഖി ഓർഡർ ചെയ്തത്. 2019 ഓഗസ്റ്റ് 8 നും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. ആവർത്തിച്ച് അന്വേഷിച്ചിട്ടും രാഖി എത്തിച്ചില്ല. പകരം 2019 ഓഗസ്റ്റ് 14-ന് ശീതളിൻറെ ബാങ്ക് അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി.

പരാതിക്കാരിയായ ശീതൾ കനകിയ, 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമാണ് ആമസോണിനും ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പരാതി നൽകിയത്. പരാതിക്കാരിയുടെ വാദങ്ങൾ ഉപഭോക്തൃ കോടതി ശരിവച്ചു. പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്.

أحدث أقدم