ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ 42 വയസുകാരി അമിത രക്തസ്രാവം മൂലം മരിച്ചു. ഖണ്ട്വ ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. സ്ത്രീയുടെ അയൽക്കാരായ 26 ഉം 27 ഉം വയസുള്ള യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വിവാഹ സത്ക്കാരത്തിനു ശേഷം മടങ്ങി വരുകയായിരുന്ന യുവതിയെ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും ഗർഭാശയത്തിലുമടക്കം മാരകമായ മുറിവുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി.
അമിത രക്തസ്രാവം മൂലം അബോധാവസ്ഥയിലായ സ്ത്രീയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. യുവതി പൊലീസിനു നൽകിയ മരണ മൊഴിയിൽ പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയോടെ യുവതി മരിച്ചു.
പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗം, സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവുകൾ, ഗർഭപാത്രത്തിൽ കേടുപാടുകൾ എന്നിവമൂലമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.