അബുദാബി: കൊടും ചൂടിൽ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെൽഷ്യസ്. 22 വർഷത്തിനിടെ മേയിൽ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂൺ, ജൂലൈ, ഓഗസ്റ്റ‌് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുൻപ് മേയ് മാസത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെൽഷ്യസ്.
ഏപ്രിലിൽ 42.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുൻപ് ഏപ്രിലിൽ ശരാശരി താപനില 42.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുകയും വേണം. പുറത്തിറങ്ങുന്നവർ സൺഗ്ലാസ് ധരിക്കുകയും സൺസ്ക്രീൻ പുരട്ടുകയും വേണമെന്നും നിർദേശിച്ചു.