സാധാരണക്കാരുടെ സുരക്ഷയില്‍ ആശങ്ക; ഇന്ത്യ- പാക് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി7 രാജ്യങ്ങള്‍




ന്യൂഡല്‍ഹി: ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ജി7 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ ഉന്നത പ്രതിനിധിയും അപലപിച്ചു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും ജി7 വിദേശമന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നി രാജ്യങ്ങളാണ് ജി7ല്‍ ഉള്‍പ്പെടുന്നത്.

സൈനികമായി ഉണ്ടാകുന്ന പ്രകോപനം തുടരുന്നത് പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തും. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ വളരെയധികം ആശങ്കയുണ്ട്. സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം സാധ്യമാകുന്നതിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്നും ജി7 വിദേശമന്ത്രിമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.  സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും വേഗത്തിലുള്ളതും നിലനില്‍ക്കുന്നതുമായ നയതന്ത്ര പരിഹാരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നതായും ജി 7 വിദേശമന്ത്രിമാര്‍ അറിയിച്ചു.
Previous Post Next Post