ഡബ്ലിൻ : അയർലണ്ടിൽ പ്രതിമാസ ദേശിയ ശരാശരി വാടക ചരിത്രത്തിലാദ്യമായി രണ്ടായിരം യൂറോ കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ മൂന്ന് മാസങ്ങളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ദേശീയതലത്തിൽ വാടക 3.4% വർദ്ധിച്ചെന്ന് പ്രോപ്പർട്ടി വെബ്സൈറ്റായ ഡാഫ്റ്റ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മൂന്ന് മാസങ്ങളിലുണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് 2053 യൂറോയെന്നും റിപ്പോർട്ട് പറയുന്നു. 2011ലെ ഏറ്റവും കുറഞ്ഞ നിരക്കായ 76 5യൂറോയിൽ നിന്നാണ് ഈ വർദ്ധനവ്. കോവിഡ് -19ന് തൊട്ടുമുമ്പുള്ളതിനേക്കാൾ 48% കൂടുതലാണ് ഈ വാടക നിരക്കുകളെന്നും ഡാഫ്ട് പറയുന്നു
.വീടുകളുടെ രൂക്ഷമായ ക്ഷാമമാണ് വാടകകളുടെ അമിതവർദ്ധനവിന് കാരണമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫ. റോണൻ ലിയോൺസ് പറഞ്ഞു. മെയ് മാസത്തിന്റെ തുടക്കത്തിൽ ഡാഫ്‌ട് പോർട്ടലിൽ വാടകയ്ക്ക് ലഭ്യമായത് 2,300 വീടുകളായിരുന്നു.
കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ 14% കുറവാണിത്. 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. 2021ൽ കൊണ്ടുവന്ന വാടക നിയന്ത്രണ നടപടികൾ അയർലണ്ടിന്റെ വാടക മേഖലയെ അനാകർഷകമാക്കി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള രാജ്യത്തിൻ്റെ കഴിവിനെയും ഇത് ഗണ്യമായി കുറച്ചു.
നിയന്ത്രണങ്ങൾ പരിഷ്‌കരിക്കാനും വാടക വീടുകളുടെ ലഭ്യത വർദ്ധിപ്പിക്കണമെന്ന് ഡാഫ്ട് അഭിപ്രായപ്പെടുന്നു. ഗ്രേറ്റർ ഡബ്ലിൻ ഏരിയയ്ക്ക് പുറത്ത് പുതിയ വാടക വീടുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ പിന്തുണ ആവശ്യമാണെന്നും പ്രൊഫ. ലിയോൺസ് പറഞ്ഞു.
ചിലയിടങ്ങളിലെ വാടകനിരക്ക് 10 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ 160% കൂടുതലാണെന്ന് പ്രൊഫ. ലിയോൺസ് വെളിപ്പെടുത്തുന്നു.ഓപ്പൺ മാർക്കറ്റിലുള്ളവർക്ക് വാടക കുത്തനെ കൂടി. കോവിഡ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 50%മാണ് വാടക കൂടിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.