ഹാർട്ട് ലാമ്ബ് എന്ന ചെറുകഥാ സമാഹാരമാണ് ബാനുവിനെ പുരസ്കാരത്തിനർഹയാക്കിയത്.
മാധ്യമപ്രവർത്തക ദീപ ബസ്തിയാണ് കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ കന്നഡ എഴുത്തുകാരിയാണ് ബാനു. ദീപ ബസ്തിയോടൊപ്പം ടേറ്റ് മോഡേണില്‍ നടന്ന ചടങ്ങില്‍ ബാനു പുരസ്കാരം ഏറ്റുവാങ്ങി. തന്റെ വിജയത്തെ വൈവിധ്യത്തിന്റെ വിജയമെന്നാണ് എഴുത്തുകാരി വിശേഷിപ്പിച്ചത്. ആറ് പുസ്തകങ്ങളാണ് അന്തിമപട്ടികയിലേക്ക് ഇടം നേടിയിരുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഏക പുസ്കകമായിരുന്നു ഇത്. മുഷ്താഖിന്റെ കൃതികള്‍ കുടുംബ-സാമൂഹിക സംഘർഷങ്ങളുടെ ചിത്രങ്ങള്‍ പകർത്തുന്നതാണെന്ന് ജൂറി നിരീക്ഷിച്ചു. 1993 മുതല്‍ 2023 വരെ എഴുതിയ 12 ചെറുകഥകളാണ് സമാഹാരത്തിലുള്ളത്. ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന സ്ത്രീകളുടെ ജീവിതമാണ് കഥകളുടെ തന്തു. 2022ല്‍ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡി (മണല്‍സമാധി) നാണ് ബുക്കർ ലഭിച്ചത്. അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ)യാണ് പുരസ്കാരത്തുക.6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ബ്രിട്ടനിലും അയല്‍ലൻഡിലും പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്കാണ് ബുക്കർ ഇന്റർനാഷനല്‍ പുരസ്കാരം ലഭിക്കുന്നത്. എഴുത്തുകാരിയും പരിഭാഷകയും സമ്മാനത്തുക പങ്കിടും.