
ചാരപ്രവൃത്തിക്ക് അറസ്റ്റിലായ പ്രശസ്‌ത യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വീഡിയോ ഷൂട്ടിന് വേണ്ടി മാത്രമെന്ന് പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പിതാവിന്റെ പ്രതികരണം.’തന്റെ മകൾ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുള്ളതാണ്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ എന്താണ് പ്രശ്നം എന്നും’ പിതാവ് ചോദിച്ചു.
മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല എന്നും പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണമെന്നും പിതാവ് പറഞ്ഞു.യൂട്യൂബറായ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ള ആറ് പേരാണ് പാകിസ്ഥാൻ ചാരപ്രവൃത്തി ചെയ്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.