ചാലക്കുടി: തെരുവ് നായ വിഷയത്തിൽ എൽ ഡി എഫ് ചാലക്കുടി നഗരസഭ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, സി പി ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു എൽ ഡി എഫ് പ്രവർത്തകരുടെ പ്രതിഷേധം. നഗരസഭയുടെ പൂട്ടിയിട്ട പ്രധാന ഗേറ്റ് തള്ളി തുറന്ന് ഓഫീസിലേക്ക് ഇരച്ചു കയറിയ എൽഡിഎഫ് പ്രവർത്തകർ കസേരകളും ചെടിച്ചടികളും എടുത്ത് അടിച്ച് നശിപ്പിക്കുകയായിരുന്നു. ചെയർമാന്‍റെ ഓഫീസിലേക്ക് തള്ളി കയറിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ചെയർമാന്‍റെ ഓഫീസിലേക്ക് തള്ളിക്കയറി ഉപരോധിച്ച എൽഡിഎഫ് പ്രവർത്തകരെ തടയുവാനോ മാറ്റുവാനോ പൊലീസ് തയ്യാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കൂടപ്പുഴ ജനത റോഡിൽ തെരുവ് നായ കടിച്ച് 11 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചത്. സാധാരണ രീതിയിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് വരുമ്പോൾ പോലീസ് രണ്ട് ഗേറ്റുകളും പൂട്ടി മാർച്ച് തടയുകയാണ് പതിവ്.
എന്നാൽ ഇത്തവണ പ്രതിഷേധകാരികളെ തടയുവാൻ വേണ്ട പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാവാതിരുന്നതാണ് പ്രശ്നത്തിന് കാരണമായത്. പ്രതിഷേധിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും നഗരസഭ ഓഫീസിൽ കയറി അതിക്രമം കാണിക്കുന്നത് ശരിയായ നടപടിയല്ലെന്നും ചെയർമാൻ ഷിബു വാലപ്പൻ പറഞ്ഞു. നഗരസഭ ഓഫീസിൽ അതിക്രമിച്ച് കയറി നാശ നഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ നഗരസഭ സെക്രട്ടറി കെ. പ്രമോദ് ചാലക്കുടി പോലീസിൽ പരാതി നൽകി.