യുവ അഭിഭാഷകയെ മർദിച്ച കേസ്; അഭിഭാഷകന്‍റെ ജാമ്യാപേക്ഷയിൽ വിധി 19 ലേക്ക് മാറ്റി





തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യാപേക്ഷയിൽ വിധി 19 ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ശനിയാഴ്ച ജാമ്യ ഹർജി പരിഗണിച്ചത്.

വെളളിയാഴ്ച ജില്ലാ സെഷൻസ് കോടതി ബെയ്‌ലിൻ ദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ക്രൂരമായി മർദിച്ചതിന് ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് പ്രതിയുടെ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. എന്നാൽ പരാതിക്കാരിയാണ് തന്നെ ആദ്യം തർക്കത്തിനിടെ മുഖത്ത് അടിച്ചതെന്നും അതിന് ശേഷമാണ് താൻ തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്.

ജാമ്യഹർജിയെ ശനിയാഴ്ച പ്രോസിക്യൂഷൻ എതിർത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെയാണെന്ന് പ്രോസിക്യൂഷൻ വീണ്ടും നിരീക്ഷിച്ചു. ഒരു വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാശിച്ചതെന്ന് പ്രതിഭാ​ഗവും വാദിച്ചു.

സുപ്രീംകോടതി വരെ ഇത്തരം സംഭവങ്ങൾ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നൽകണമെന്നും പ്രതിഭാ​ഗം ആവശ്യപ്പെട്ടു.
أحدث أقدم