ഇന്ത്യയിലെ കത്തോലിക്കര്‍ക്കിടയില്‍ വിശ്വാസം ക്രമേണ കുറയുന്നതിനെതിരെ ജാഗ്രത പാലിക്കുന്നതിനൊപ്പം, പുതിയ തലമുറയുടെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങളിലും ആവശ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കിടയിലെ ആന്തരിക സംഘര്‍ഷങ്ങളും നിസ്സംഗതയും പരിഹരിക്കാന്‍ സമയബന്ധിതമായ ശ്രമങ്ങള്‍ അധികാരികള്‍ നടത്തിയില്ലെങ്കില്‍ ഇന്ത്യയിലെ സഭയ്ക്ക് ഭാവിയില്‍ യൂറോപ്പിലേതിന് സമാനമായ വിധി നേരിടേണ്ടി വരുമെന്നും മാർ മേനംപറമ്പില്‍ പറഞ്ഞു.ഊര്‍ജ്വസ്വലരായ കത്തോലിക്കാ ജനസംഖ്യയുള്ള കേരളത്തില്‍ യുവാക്കള്‍ക്കിടയിലെ വിശ്വാസക്കുറവ് അതിവേഗം വര്‍ദ്ധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഗോള പ്രവണതകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു പുറമേ, ഉയര്‍ന്ന സാക്ഷരതയും ജീവിത നിലവാരവും ഇതിന് കാരണമാണ്. ഉള്ളിലെ സംഘര്‍ഷങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സഭയുടെ ദൗത്യം തടസ്സപ്പെട്ടേക്കാം. അകത്തും പുറത്തുമുള്ള പലരും അവരുടെ വാക്കുകള്‍ കേള്‍ക്കാത്തതിന് സഭയെ വിമര്‍ശിക്കുന്നുണ്ട്. നാം അവരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
സിറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ വിശ്വാസികളും സഭാ നേതൃത്വങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായ ഘട്ടത്തിലാണ് ബിഷപ് മേനാംപറമ്പിലിന്റെ തുറന്ന് പറച്ചില്‍.