വിവാഹ വീട്ടിൽ നിന്ന് പണം മോഷണം പോയി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കുത്തിപൊളിച്ചാണ് പണം കവർന്നത്.കോഴിക്കോട് പേരാമ്പ്രയിൽ പൈതോത് കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വിവാഹ ശേഷം വീടിൻ്റെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് വീടിൻ്റെ പിൻവശത്തുള്ള കുറ്റിക്കാട്ടിൽ പണപ്പെട്ടി കണ്ടെത്തിയത്. അപ്പോഴാണ് പണം കളവ് പോയത് കുടുംബം അറിയുന്നത്.
പിന്നാലെ വീട്ടുകാർ നടത്തിയ പരിശോധനയിൽ വീടിൻ്റെ പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് കണ്ടെത്തി. തുടർന്ന് പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.വീടിൻ്റെ ഓഫീസ് മുറിയിൽ പണപ്പെട്ടി പൂട്ടി വെച്ച് ഉറങ്ങാൻ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.