സ്വന്തമായി ഒരു വീടുണ്ടായിട്ടും അതിൽ കയറിക്കിടക്കാനാകാതെ ടാര്‍പോളിൻ ഷെഡ്ഡിൽ കഴിയേണ്ട അവസ്ഥക്ക് കാരണം അയൽവാസിയുടെ ക്രൂരതയാണെന്ന് ഇവര്‍ പറയുന്നു. അയൽക്കാരൻ അവരുടെ സ്ഥലത്ത് അശാസ്ത്രീയമായി മണ്ണെടുത്തതോടെയാണ് വിജയമ്മയുടെ വീട് ഇടിയുന്ന അവസ്ഥയിലായത്.
തൊട്ടടുത്ത പുരയിടത്തിലെ മണ്ണെടുപ്പ് കാരണം വിജയമ്മയുടെയും കുടുംബത്തിന്‍റെ വീട് ഏത് നിമിഷവും കുഴിയിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയിട്ടും അയൽവാസി തടത്തിൽ അനിൽ കുമാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവുന്നില്ലെന്ന് പഞ്ചായത്ത് അംഗം പറയുന്നു. വീടിന് മുന്നിൽ കെട്ടിയ ടാർപ്പോളിന് കീഴിലാണ് ഒരു മാസത്തിലേറെയായി നാലംഗ കുടുംബം താമസിക്കുന്നത്. മണ്ണെടുത്തതോടെ വീടിന് സമീപമുള്ള ടോയ്ലെറ്റ് ഇടിഞ്ഞു വീണു.
ഇതോടെ അടുത്തുള്ള മകളുടെ വീട്ടിലാണ് വിജയമ്മയും കുടുംബവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മകളുടെ ചെറിയ വീട്ടിൽ ഇവര്‍ക്ക് കിടക്കാനാകുമാകില്ല. സ്വന്തം വീട് ഏതുനിമിഷവും നിലപതിക്കുമെന്ന ഭയത്താൽ വീടിനുള്ളിൽ കയറാൻ പോലും ഇവര്‍ക്ക് പേടിയാണ്. വീട് ഇടിഞ്ഞു വീഴുമോയെന്ന് പേടിച്ച് അകത്ത് കയറാറില്ലെന്നും ടാര്‍പ്പോളിൻ ഷീറ്റിന് കീഴിലാണ് അന്തിയുറങ്ങുന്നതെന്നും എന്തുചെയ്യണമെന്ന് അറിയില്ലെന്നും വിജയമ്മയും മകള്‍ ശാലിനിയും പറയുന്നു.