തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും. ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.
കെഎസ്ആർടിസിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ.എസ്.ആർ.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്. ബെവ്ക്കോയുമായി കെഎസ്ആർടിസി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു.