പത്രത്തെയേ വിശ്വസിക്കാവൂവെന്ന മനോരമ വെളിപാട് ഏറെക്കുറെ ശരിവച്ച് ജനം … രക്ഷയില്ലാതെ റേറ്റിങ്ങിൽ കൂപ്പുകുത്തി മനോരമ ചാനൽ; കിതച്ച് ഓൺലൈനും... മനോര ഓൺലൈൻ പ്രാദേശിക ഓൺലൈനുകൾക്ക് മുമ്പിൽ പതറുന്നു ...



ഇന്നലെ പുറത്തുവന്ന ബാർക് (Broadcast Audience Research Council) റേറ്റിങ് പ്രകാരം ഒന്നാംസ്ഥാനത്തുള്ള റിപ്പോർട്ടറുമായുള്ള മനോരമ ചാനലിൻ്റെ പോയിൻ്റ് വ്യത്യാസം അതിഭീകരമാണ്. റിപ്പോർട്ടർ 105, ഏഷ്യാനെറ്റ് 98, 24 ചാനൽ 76 എന്നിങ്ങനെ നേടിയപ്പോൾ മനോരമക്ക് വെറും 38ഉം, തൊട്ടുപിന്നിൽ മാതൃഭൂമിക്ക് 35മാണ്. ഇങ്ങനെ നിലനിൽപ് വല്ലാത്ത പ്രതിസന്ധിയിലായി തുടരുമ്പോഴാണ് മനോരമ കുടുംബത്തിൽ നിന്ന് തന്നെ പരസ്യത്തിൻ്റെ രൂപത്തിൽ വൻചതിഎത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനലുകളെയും ഓൺലൈൻ പോർട്ടലുകളെയും വ്യാജവാർത്തക്കാരാക്കി ചിത്രീകരിച്ച് മനോരമ പത്രത്തിൻ്റെ പരസ്യം മനോരമയുടെ തന്നെ ഒന്നാം പേജിൽ ഇടംപിടിച്ചത്.

2006ൽ തുടങ്ങിയ മനോരമ ന്യൂസ് എന്ന സാറ്റലൈറ്റ് ചാനലും, അതിനും ഏറെ മുന്നേ തുടങ്ങിയ മനോരമ ഓൺലൈൻ എന്ന പ്ലാറ്റ്ഫോമും നിന്നുപിടിക്കാൻ പെടാപ്പാട് പെടുമ്പോഴാണ്, “തൊടുന്നതെല്ലാം സത്യമെന്ന് തോന്നാം, രാവിലെ പത്രം വരുന്നത് വരെ മാത്രം”, എന്ന തലക്കെട്ടിൽ പരസ്യം എത്തിയത്. പകലന്തിയോളം ചാനലുകളിലോ ഓൺലൈൻ പോർട്ടലുകളിലോ കാണുന്നതൊന്നും സത്യമല്ലെന്നും, രാവിലെ പത്രം നോക്കിവേണം സത്യം അറിയാൻ എന്നും മറയില്ലാതെ പറയുന്നതായിരുന്നു പരസ്യം. പത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണെങ്കിൽ പോലും ഇത് പാടില്ലായിരുന്നു എന്ന അഭിപ്രായം മാനേജ്മെൻ്റിൽ തന്നെയുണ്ട്

മലയാളത്തിലെ മറ്റു പത്രങ്ങളെ ബാധിച്ചതുപോലെ പ്രചാരത്തിലുണ്ടാകുന്ന ഇടിവ് മനോരമയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് സർക്കുലേഷൻ 24 ലക്ഷം കടന്ന് 25ൽ എത്തുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോയെങ്കിലും പിന്നെ ഇറക്കമായിരുന്നു. ഏഴുവർഷം കൊണ്ട് എട്ടരലക്ഷം കോപ്പിയാണ് ഇങ്ങനെ കുറഞ്ഞത്. പത്രം കഴിഞ്ഞാൽ ഏറ്റവും വരുമാനം കൊണ്ടുവന്ന വനിതയുടെ പ്രചാരവും കുത്തനെ ഇടിഞ്ഞ് ദയനീയാവസ്ഥയിലായി. വനിത ഇറക്കുന്ന എംഎം പബ്ലിക്കേഷൻസ്, നോട്ടുബുക്ക് അച്ചടി പോലെ മറ്റ് ബിസിനസിലേക്കും കടന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് ചാനൽ അടക്കം സഹോദര സ്ഥാപനങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുള്ള അന്തംവിട്ട പരസ്യത്തിന് പിന്നിൽ.

മനോരമ മാനേജ്മെൻ്റ് 2006ൽ തുടങ്ങിയ ന്യൂസ് ചാനൽ ആദ്യ കുറച്ചുകാലം ഒന്നാം സ്ഥാനത്തിന് ഏഷ്യാനെറ്റുമായി മത്സരിച്ചു നിന്നതൊഴിച്ചാൽ പിന്നീടെന്നും രണ്ടോ മൂന്നോ സ്ഥാനത്ത് ആയിരുന്നു. 2018ൽ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 24 ചാനൽ എത്തിയത് മുതൽ മൂന്നാം സ്ഥാനത്തായി. ഒരുപാട് പരിമിതികളോടെ ആയിട്ടുപോലും 2023ൽ റിപ്പോർട്ടർ ടിവി പുതിയ മാനേജ്മെൻ്റിന് കീഴിൽ റീലോഞ്ച് ചെയ്തതതോടെ മനോരമയുടെ മൂന്നാം സ്ഥാനവും എന്നെന്നേക്കുമായി നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇടക്ക് മാതൃഭൂമി ചാനൽ മുകളിൽ കയറിയപ്പോൾ അഞ്ചാം സ്ഥാനത്തും എത്തി. നിലവിൽ മനോരമക്ക് പിന്നിൽ ഈയിടെ തുടങ്ങിയ ഒരു ചാനലും പാർട്ടി ചാനലുകളുമൊക്കെയേ ഉള്ളൂ.


അസംഖ്യം ഓൺലൈൻ ചാനലുകൾ ഉണ്ടാക്കുന്ന മത്സരത്തിൽ മനോരമ ഓൺലൈനും കിതയ്ക്കുകയാണ്. ആദ്യകാലങ്ങളിലെല്ലാം ഓൺലൈൻ നമ്പർ വൺ ആയിരുന്നു. അതുകൊണ്ട് തന്നെ പത്രത്തിന്റെ പ്രചാരം കുറയുമ്പോൾ ഇത് രക്ഷയാകുമെന്ന് കരുതി. എന്നാൽ യൂട്യൂബ് ചാനലുകളുടെ തള്ളിക്കയറ്റത്തിൽ അത് പിന്തള്ളപ്പെട്ടു. ഇതോടെ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. നിലവാരം പണയംവച്ചും പലപ്പോഴും പലരോടും മത്സരിക്കാനായി പിന്നെ ശ്രമം. അതോടെ കണ്ടൻ്റിൻ്റെ ക്രെഡിബിലിറ്റിയുടെ കാര്യത്തിൽ പോലും മനോരമയുടെ ഈ പ്ലാറ്റ്ഫോമുകളെ ആരും ആശ്രയിക്കാത്ത സ്ഥിതിവന്നു. പരസ്യവരുമാനത്തിൻ്റെ കാര്യത്തിലും ഇവയെല്ലാം ഏറെ പിന്നിൽപോയി.

ഇതിനെല്ലാം പുറമെയാണ് ഇന്നലത്തെ പത്രത്തിൽ മനോരമ ജേണലിസം സ്കൂളിൻ്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. പ്രിൻ്റ് ജേണലിസത്തിൽ മാത്രമല്ല, ഡിജിറ്റൽ (ഓൺലൈൻ), ബ്രോഡ്കാസ്റ്റ് (വിഷ്വൽ) മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് ഈ പരസ്യം പറയുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനം ഈ മാനേജ്മെൻ്റിന് കീഴിൽ ഇങ്ങനെ പ്രവർത്തിച്ച് അസംഖ്യം യുവാക്കളെ പരിശീലിപ്പിച്ചു വിട്ടശേഷമാണ് ഇപ്പോൾ പറയുന്നത്, പ്രിൻ്റ് ജേണലിസത്തിന് അല്ലാതെ മറ്റൊന്നിനും വിശ്വാസ്യതയില്ലെന്ന്. ഇവിടെ പരിശീലനം നേടിയവർ പ്രധാന മാധ്യമ സ്ഥാപനങ്ങളിലൊക്കെ ജോലി ചെയ്യുന്നുണ്ടെന്ന് മേനിപറയുന്നുമുണ്ട് ഇതേ പരസ്യത്തിൽ.

ഫോട്ടോ ജേണലിസ്റ്റുകൾ സത്യത്തിനുനേരെ തുരുതുരെ ക്ലിക്ക് ചെയ്യും. ഞങ്ങളുടെ റിപ്പോർട്ടർമാർ സംഭവസ്ഥലത്തു നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങൾ വാർത്താമേശയിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യും; വിലയിരുത്തും. ധാർമികതയുടെ ഉരകല്ലിലും അവ പരിശോധിക്കപ്പെടും“. മനോരമ പരസ്യത്തിലെ അതിരുകടന്ന മറ്റൊരു അവകാശവാദം ഇങ്ങനെ. പകലന്തിയോളം ചാനലുകൾ തുരുതുരാ വിടുന്ന ബ്രേക്കിങ് ന്യൂസുകൾ കണ്ണുംപൂട്ടി പിറ്റേന്നത്തെ പത്രത്തിലേക്ക് എടുത്തയക്കുന്ന ജേണലിസ്റ്റുകൾ എല്ലാ പത്രങ്ങളിലുമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വ്യാജവാർത്ത മനോരമ അടക്കം പത്രങ്ങൾ ചാനലുകൾ നോക്കി റിപ്പോർട്ടുചെയ്ത ശേഷം അബദ്ധമായെന്ന് പിന്നീട് തിരിച്ചറിഞ്ഞത് ഒരുദാഹരണം മാത്രം
Previous Post Next Post