
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കെഎസ്ആർടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി. പാറശ്ശാല യൂണിറ്റിലെ അസിസ്റ്റൻറ് ആർ. ഷിബുവിനെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഭരണ സൗകര്യാർത്ഥം കെഎസ്ആർടിസി പാലക്കാട് യൂണിറ്റിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് 26.04.2025 ന് പാറശാല യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ച ആർ. ഷിബു 01.05.2025 ന് സുഖമില്ല എന്ന കാരണത്താൽ ലീവിൽ പോവുകയായിരുന്നു. പിന്നീട് 02.05.2025ന് ഡോക്ടറെ കാണുകകയും രണ്ടാഴ്ചത്തേക്ക് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതായും അന്നുതന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി ലീവ് അപേക്ഷയോടൊപ്പം പാറശ്ശാല യൂണിറ്റിലേക്ക് അയച്ചു നൽകുകയും ചെയ്തിരുന്നു.
ഈ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ വിശ്വാസതയിൽ സംശയം തോന്നിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത ഉറപ്പുവരുത്തുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ പാലക്കാട് പെരുവെമ്പിലെ ഫാമിലി ഹെൽത്ത് സെൻററിലെ മെഡിക്കൽ ഓഫീസർ ഡോ: എം.പി.കൃഷ്ണകുമാറിനോട് അന്വേഷിച്ചു. എന്നാൽ ഈ സർട്ടിഫിക്കറ്റ് താൻ ഒപ്പു വച്ചതല്ലെന്നും, സർട്ടിഫിക്കറ്റിലെ കൈയ്യക്ഷരവും തന്റേതല്ലെന്നും ഡോക്ടർ പറഞ്ഞു. കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ തൻ്റെ പേഴ്സണൽ സീൽ ആണ് പതിക്കാറുള്ളത് എന്നും മെഡിക്കൽ ഓഫീസർ വിജിലൻസ് വിഭാഗത്തെ അറിയിച്ചു.
ലീവ് ലഭിക്കാനായി വ്യാജരേഖകൾ ചമച്ച ഉദ്യോഗസ്ഥൻ ആർ.ഷിബു ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കാട്ടിയാണ് പാറശ്ശാല യൂണിറ്റിലെ അസിസ്റ്റൻ്റ് ആർ.ഷിബുവിനെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ഷോപ്പുകളിലെ ലൈസൻസികളുമായി ചേർന്ന് കെഎസ്ആർടിസിക്കെതിരായി പ്രവർത്തിച്ചതിനാണ് പാലക്കാട് യൂണിറ്റിൽനിന്നും ആർ.ഷിബുവിനെ പാറശ്ശാലയിലേക്ക് സ്ഥലം മാറ്റിയിരുന്നത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി പാറശ്ശാല പോലീസ് സ്റ്റേഷനിൽ കെഎസ്ആർടിസി പാറശ്ശാല അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ പരാതി നൽകിയിട്ടുണ്ട്.