സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കൊച്ചിയിൽ ഇഡി ഏജൻ്റിനെ വിജിലൻസ് പിടികൂടിയത് കൈക്കൂലി വാങ്ങുന്നതിനിടെ...





എറണാകുളം : ഇ.ഡിയുടെ കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസിന്റെ പിടിയിൽ. കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെ 2,00,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടിയത്.

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു. ഇതനുസരിച്ച് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു

ഇതിനു ശേഷം ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ്  വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും, നേരിൽ കാണുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് എന്ന് ഇയാൾ വ്യവസായിയോട് പറഞ്ഞതായാണ് മൊഴി. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിനായി ഓഫീസിൽ നിന്നും  വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റായ വിൽസൺ പരാതിക്കാരനോട് പറഞ്ഞു. ഇതേത്തുടർന്ന് 14.05.2025 ന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു

ശേഷം ഏജന്റായ വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കാണുകയും, കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറയുകയും, അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു..

വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇതിനായി കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് 15 ന് വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,00,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ ഇ.ഡി ഏജന്റായ വിൽസണെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്. തുടർന്ന് പ്രതി വിൽസണെ ചോദ്യം ചെയ്തതിൽ മറ്റൊരു പ്രതിയായ രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെ പങ്ക് വയക്തമായി.സംഭവത്തിൽ മുരളി മുകേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ്  ചെയ്ത  പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

പൊതുജനങ്ങളുടെ  ശ്രദ്ധയിൽ  അഴിമതി സംബന്ധിച്ച  വിവരങ്ങൾ  ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ  ടോൾ  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ , 8592900900 എന്ന  നമ്പരിലോ, വാട്സ്  ആപ്പ്  നമ്പരായ 9447789100 എന്ന  നമ്പരിലോ  അറിയിക്കണമെന്ന്   വിജിലൻസ് ഡയറക്ടർ മനോജ്  എബ്രഹാം   അഭ്യർത്ഥിച്ചു.


أحدث أقدم