വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചു.. നടി അറസ്റ്റിൽ..


        
കൊലപാതക ശ്രമക്കേസിൽ നടി അറസ്റ്റിൽ. ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവചരിത്ര സിനിമയിൽ അദ്ദേഹത്തിന്റെ മകളും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വേഷം അവതരിപ്പിച്ച പ്രമുഖ ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ ആണ് പിടിയിലായത്.

ധാക്കയിലെ ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു കൊലപാതക ശ്രമക്കേസിലാണ് അറസ്റ്റ്.  ബംഗ്ലാദേശി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 31 കാരിയായ നടി തായ്‌ലൻഡിലേക്ക് പോകാൻ ശ്രമിക്കവെ എയർപോർട്ടിലെ ഇമിഗ്രേഷൻ ചെക്ക്പോസ്റ്റിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ തലസ്ഥാനമായ വതരയിൽ ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഫാരിയ ഉൾപ്പെടെ 17 താരങ്ങൾക്കെതിരെ കേസെടുത്തിരുന്നു. ഈ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ രാജി വരെ ഉണ്ടായത്. ഇമിഗ്രേഷൻ പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോടതി അവർക്കെതിരായ കൊലപാതക ശ്രമക്കേസ് അംഗീകരിച്ചിരുന്നു. ആ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സുജൻ ഹഖിനെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമം റിപ്പോർട്ട് ചെയ്തു.
Previous Post Next Post