മൂന്ന് വയസുകാരിയുടെ കൊലപാതകം: അമ്മയായ സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി


മൂന്ന് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയായ സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്. എന്നാൽ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല എന്നും ഹേമലത പറഞ്ഞു. സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.

സന്ധ്യയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും റൂറൽ എസ്പി കൂട്ടിച്ചേര്‍ത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. മെഡിക്കൽ പരിശോധന നടത്തി ആവശ്യമെങ്കിൽ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും.

അല്പസമയം മുൻപാണ് കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദ​ഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്.

കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Previous Post Next Post