
കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കി പൊലീസ്. കരിമം സ്വദേശി ഷീജയുടെ മരണതിലെ ദുരൂഹതയാണ് നീങ്ങിയത്. സംഭവത്തിൽ ഫോറൻസിക് സംഘം പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. ആത്മഹത്യാപ്രേരണയ്ക്ക് സുഹൃത്ത് സജിയെ പൊലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് ഷീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് സുഹൃത്തായ സജികുമാറിനൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഷീജയുടെ മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് സജിക്കെതിരെ കേസെടുക്കും.