
സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിപിഐഎം അക്രമം അഴിച്ചുവിടുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് കാണുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കണ്ണൂരില്‍ അക്രമം അഴിച്ച് വിടുന്നതിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാറിന്റെ ഗാന്ധി വിരുദ്ധത സിപിഐഎം ഏറ്റെടുക്കുന്നു. ഒരു രക്തസാക്ഷിയെ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഐഎം നടത്തുന്നത്. ഭരണത്തിന്റെ പേരിലുള്ള തോന്നിവാസമാണ് ഇപ്പോള്‍ നടക്കുന്നത്’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പുലിയെ കീഴടക്കി, സിംഹത്തെ കീഴടക്കിയെന്നൊക്കെ രാഗേഷ് പറയുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ കെ സുധാകരനോട് ദയനീയമായി പരാജയപ്പെട്ട നേതാവല്ലേ അദ്ദേഹമെന്നും രാഹുല്‍ പരിഹസിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊന്ന കേസില്‍ കത്തി എന്തുകൊണ്ട് ഇതുവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. യഥാര്‍ത്ഥ ചിത്രം പുറത്ത് വരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ധീരജിനെ കൊന്ന കത്തി എവിടെയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രാഹുല്‍ പറഞ്ഞു.