അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകല്ലിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മലബാർ ജില്ലകളിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. നഗരങ്ങളിൽ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കണ്ണൂരിൽ ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കനത്ത മഴ തുടരുന്നു. കുറുവയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. കൊയ്യത്ത് മരം വീണ് വീടിൻറെ മേൽക്കൂര തകർന്നു തലശ്ശേരി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിൽ വെള്ളക്കെട്ടാണ്. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.