
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ വിശദീകരണവുമായി ഇ ഡി. പരാതിക്കാരന്‍ അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ ഡി പറഞ്ഞു. കളളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) കേസിലെ പ്രതിയാണ് അനീഷെന്നും ഇയാള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് വിചാരണ നടത്തുകയാണെന്നും ഇഡി വ്യക്തമാക്കി. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അനീഷിനെതിരെ കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് കേസ്. 2024-ലാണ് അനീഷിന്റെ പണമിടപാട് സംബന്ധിച്ച് ഇഡി കേസെടുത്തത്. ഇയാളുടെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണെന്നും ഇ ഡി പറഞ്ഞു.
പലതവണ സമന്‍സ് അയച്ചെങ്കിലും അനീഷ് ബാബു ഹാജരാകാന്‍ തയ്യാറായില്ലെന്നും ഇ ഡി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇ ഡിക്കു മുന്നില്‍ ഹാജരായെങ്കിലും ഉച്ചഭക്ഷണം കഴിക്കാനായി പോയ ആള്‍ പിന്നീട് വന്നില്ല. തുടര്‍ന്ന് ഇതുവരെ ഇ ഡിയുടെ അന്വേഷണവുമായി അനീഷ് ബാബു സഹകരിച്ചിട്ടില്ല. കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തളളിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17-ന് അനീഷ് ബാബുവിൻ്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടാന്‍ പോലും തയ്യാറായില്ല.’-ഇ ഡി വ്യക്തമാക്കി.
മാര്‍ച്ച് 25-ന് അനീഷ് ബാബുവിന് സമന്‍സ് നല്‍കിയിട്ടില്ലെന്നും 31 വരെ വിവിധ കേസുകളുടെ കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ തിരക്കിലായിരുന്നു ഉദ്യോഗസ്ഥരെന്നും ഇ ഡി പറഞ്ഞു. ഉന്നതരുടെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനും സമന്‍സ് അയക്കാന്‍ കഴിയില്ലെന്നും എല്ലാ സമന്‍സും അഡീഷണല്‍ ഡയറക്ടറുടെ അനുമതിയോടെയായിരിക്കുമെന്നും ഇ ഡി പറഞ്ഞു. സമന്‍സ് അയക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും ഇ ഡി ഉദ്യോഗസ്ഥനെതിരായ ആരോപണത്തില്‍ വിജിലന്‍സില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഇ ഡി കൂട്ടിച്ചേര്‍ത്തു
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസില്‍ കുരുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ വെളളിയാഴ്ച്ച വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ നാലാം പ്രതിയാണ്.