‘എന്റെ കാലത്ത് നേട്ടം മാത്രം, അത് വെട്ടിത്തുറന്ന് പറയാൻ എനിക്ക് നട്ടെല്ലുണ്ട്: കെ സുധാകരൻ




തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് കെ സുധാകരൻ. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ സുധാകരൻ പറഞ്ഞു.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാൻ തന്റെ കാലയളവിൽ സാധിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത്. അത് തന്റെ കാലയളവിലാണ് എന്നും സുധാകരൻ പറഞ്ഞു.

താൻ പാർട്ടിയെ ജനകീയമാക്കി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കോളേജുകൾ കെഎസ്‌യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നിൽ കെപിസിസിയും ഉണ്ടായിരുന്നു. കോൺഗ്രസ് യുണിറ്റ് കമ്മിറ്റി തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് തന്റെ പിൻഗാമിയിലൂടെ സാധ്യമാക്കണം. സെമി കേഡർ സംവിധാനത്തിലേക്ക് എത്തിക്കും എന്നാണ് താൻ പറഞ്ഞത്. അത് ഏറെക്കുറെ സാധ്യമായി. ഇനിയും ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല. നമുക്ക് ജയിക്കണം. സിപിഎഐഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുൻപിൽ ഒരു പടക്കുതിരയെപ്പോലെ താൻ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
أحدث أقدم